ഹരിപ്പാട്: ശ്വാസകോശം ചുരുങ്ങിപ്പോകുന്ന അപൂർവരോഗത്തിന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. ഹരിപ്പാട് നഗരസഭ 24-ാം വാർഡ് വെട്ടുവേനി തിരുമനശേരിൽ പത്തുവള്ളിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (28) ആണ് അടിയന്തര ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം അഭ്യർഥിക്കുന്നത്.
യുവാവിന്റെ ശ്വാസകോശത്തിന്റെ ഒരുഭാഗം പൂർണമായും പ്രവർത്തനരഹിതമായിക്കഴിഞ്ഞു. നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. നിലവിൽ യുവാവ് ചെന്നൈ കാവേരി ആശുപത്രിയിലാണ്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് യുവാവിന് ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള വഴി.
ശസ്ത്രക്രിയയ്ക്കായി 40 ലക്ഷവും തുടർചികിത്സകൾക്കായി 60 ലക്ഷവും കണ്ടെത്തേണ്ട സ്ഥിതിയിലാണ് കുടുംബം. നാല് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലുള്ള മാതാവ് ഉൾപ്പെടുന്ന ഉണ്ണികൃഷ്ണന്റെ നിർധന കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തുകയാണിത്. ഇതോടെയാണ് കുടുംബം സുമനസുകളുടെ മുന്നിൽ കൈകൂപ്പുന്നത്.
യുവാവിനായി ഹരിപ്പാട് നഗരസഭ 24-ാം വാർഡ് കൗൺസിലർ ചന്ദ്രവല്ലിയമ്മയുടെയും നാട്ടുകാരുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ വിപുലമായ ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട്
വിവരങ്ങൾ:
അക്കൗണ്ട് പേര്: UNNIKRISHNAN CHIKITHSA SAHAYA NIDHI
ബാങ്ക്: Kerala Gramin Bank
അക്കൗണ്ട് നമ്പർ: 40635101075764
IFSC കോഡ്: KLGB0040635
ഗൂഗിൾ പേ -9605682957